ഇന്ത്യയില്‍ ഓരോ 15 മിനിട്ടിലും ഒരു പുതിയ കൊവിഡ് രോഗി!; ഞെട്ടിക്കുന്ന കണക്ക്

ഇന്ത്യയില്‍ ഓരോ 15 മിനിട്ടിലും ഒരു പുതിയ കൊവിഡ് രോഗി ഉണ്ടാകുന്നുണ്ടെന്ന് കണക്കുകള്‍. മാര്‍ച്ച് രണ്ട് മുതല്‍ മാര്‍ച്ച് 21 വരെയുള്ള കണക്കനുസരിച്ചാണ് ഇന്ത്യയില്‍ ഓരോ 15 മിനിട്ടിലും ഒരു പുതിയ കൊവിഡ് രോഗി ഉണ്ടാകുന്നുണ്ടെന്ന് വ്യക്തമാകുന്നത്. തിരുവനന്തപുരം ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജിലെ ഡോക്ടറായ മനോജ് വെള്ളനാട് തന്റെ ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പിലാണ് ഞെട്ടിക്കുന്ന ഈ കണക്കുകള്‍ ഉള്ളത്.

ഇന്ത്യയിലെ കൊവിഡ് രോഗികളുടെ എണ്ണം 294 ആയി (till 2:15pm, 21/3/20). ഇന്ത്യയില്‍ ഇതുവരെയുള്ള ആ ട്രെന്‍ഡൊന്ന് നോക്കൂ

മാര്‍ച്ച് 2- 5 (ആകെ രോഗികള്‍)
മാര്‍ച്ച് 5- 30
മാര്‍ച്ച് 8 – 39
മാര്‍ച്ച് 11- 71
മാര്‍ച്ച് 14 – 95
മാര്‍ച്ച് 17 – 141
മാര്‍ച്ച് 20- 251
മാര്‍ച്ച് 21 (Today till now) – 294

ഓരോ 3 ദിവസത്തെയും കണക്കാണ്. ആ ട്രെന്‍ഡ് നോക്കൂ, എത്ര വേഗത്തിലാണ് കൊവിഡ് പുതിയ ഇരകളെ തേടിയെത്തുന്നതെന്ന്.

ഓരോ 3 ദിവസങ്ങളിലെയും പുതിയ രോഗികളുടെ എണ്ണം ഇങ്ങനെയാണ് – 25, 9, 22, 24, 46, 110, …!

ഇന്ന് മാത്രം 43 പുതിയ രോഗികള്‍ ഈ സമയം വരെ ഇന്ത്യയിലാകെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ഓരോ 15 മിനിട്ടിലും ഒരു പുതിയ രോഗി! 22 സംസ്ഥാനങ്ങളെ ഇന്ത്യയില്‍ ഇതിനകം കൊവിഡ് ബാധിച്ചു കഴിഞ്ഞു.

ഇന്ത്യയില്‍ മൊത്തത്തിലായാലും ഇങ്ങ് കേരളത്തിലായാലും ഒരുപാട് രോഗികളുണ്ടായാല്‍ എല്ലാവരെയുംചികിത്സിച്ച് ഭേദമാക്കാമെന്ന ധാരണ ആര്‍ക്കും വേണ്ട. നമ്മുടെ നിലവിലുള്ള ആരോഗ്യസംവിധാനങ്ങള്‍ തന്നെ മറ്റുള്ള രോഗങ്ങളാല്‍ നിറഞ്ഞിരിക്കുവാണെന്ന് നമുക്കറിയാം. ചൈനയിലെ പോലെ പെട്ടെന്നൊരു മികച്ച ആശുപത്രി ഉണ്ടാക്കുന്ന കാര്യം നമുക്ക് ചിന്തിക്കാന്‍ പോലും പറ്റില്ല.

അതുകൊണ്ട് നമ്മുടെ മുന്നില്‍ ആകെ ഒരു വഴിയേ ഉള്ളൂ. പ്രതിരോധം. എങ്ങനെ പ്രതിരോധിക്കണമെന്ന് ഇനിയും ജനങ്ങളെ ഉപദേശിക്കുന്നതില്‍ കാര്യമൊന്നുമില്ല. ജനങ്ങളോട് പറയാവുന്നതെല്ലാം പറഞ്ഞു കഴിഞ്ഞു. ബഹുഭൂരിപക്ഷവും സഹകരിക്കുന്നുമുണ്ട്. ബാക്കിയുള്ള പ്രതിരോധ നടപടികള്‍ സര്‍ക്കാരുകള്‍ നേരിട്ട് ഏറ്റെടുക്കട്ടെ.

നിയമപരമായും അവ കര്‍ശനമാക്കിയും പുതിയ നിയമങ്ങള്‍ നിര്‍മ്മിച്ചും കൊണ്ടേ നമുക്കിനി മുന്നോട്ട് പോകാനൊക്കൂ.. അത്തരം നടപടികളിലേക്ക് നമ്മള്‍ കൊറോണയേക്കാള്‍ വേഗത്തില്‍ കടന്നുചെല്ലണം. ചെന്നേ പറ്റൂ, നമ്മുടെ മുന്നില്‍ വേറെ വഴിയില്ലല്ലോ..

Leave a Reply