ഏമാന്മാരുടെ പരിപാടികള്‍. അതും കോവിഡ് കാലത്ത്.

തൂക്കിയെടുത്ത് ചന്തിക്ക് ഒന്നു പൊട്ടിക്കാന്‍ തോന്നുന്നതു പോലെയാണ് ചില ഏമാന്മാരുടെ പരിപാടികള്‍. അതും കോവിഡ് കാലത്ത്. ആരാണീ കക്ഷികളെന്നോ? വലിയ ബഹുമുഖ പ്രതിഭകളൊക്കെയാണ്. അതിലൊരാള്‍ റിട്ട. മിലിട്ടറി ഓഫീസറാണ്. വിവിധ രാഷ്ട്രീയ പാര്‍ട്ടിയില്‍ പ്രവര്‍ത്തിച്ചയാളാണ്. പത്തുപൈസയുടെ വിവരമില്ലെന്നു അനുദിനം തെളിയിച്ചു കൊണ്ടിരിക്കുന്നയാളാണ്. മറ്റാരുമല്ല, സുഹൃത്തുക്കളെ, നമ്മുടെ പ്രിയപ്പെട്ട ബ്രസീലിയന്‍ പ്രസിഡന്റ് ജൈര്‍ ബൊല്‍സൊനാരോ ആണ് കക്ഷി അമ്മിണിപിള്ള.

കോവിഡ് ആണേ, അപകടമാണേ, മുഖാവരണ മണിയൂ, ദൂരേക്കുമാറൂ, വീട്ടിലിരിക്കൂ എന്നു ജനങ്ങളോടു പറഞ്ഞ ആരോഗ്യ മന്ത്രി ലൂയിസ് ഹെന്റിക് മാന്‍ഡെറ്റയോടു പറഞ്ഞു, തലയിരിക്കുമ്പോള്‍ വാല്‍ ആടണ്ട എന്ന്. അങ്ങനെ അദ്ദേഹത്തിന്റെ പണി തെറുപ്പിച്ചു. തീര്‍ന്നില്ല, പിന്നെ ഹെല്‍ത്ത് മിനിസ്റ്ററായി വന്ന നെല്‍സണ്‍ ടീച്ചയോടു പറഞ്ഞു- ചാവാന്‍ കിടക്കുന്നവരുടെ അണ്ണാക്കിലേക്ക് വലിയണ്ണനായ ട്രംപിന്റെ ഇഷ്ട മരുന്ന്, ഹൈഡ്രോക്‌സി ക്ലോറോക്വിന്‍ തള്ളിക്കേറ്റ് എന്ന്. ടീച്ചും കളഞ്ഞിട്ടു പോയി. ഇപ്പം ആമസോണിന്റെ നാട്ടില്‍ ആരോഗ്യമന്ത്രി ഇല്ലത്രെ. ഫലമോ, ലോകത്തു കൊറോണ രോഗികളുടെ എണ്ണത്തില്‍ യൂറോപ്യന്‍ രാജ്യങ്ങളെ കടത്തിവെട്ടി ബ്രസീല്‍ രണ്ടാം സ്ഥാനത്ത്. മരണം 25,000. ബൊല്‍സൊനാരോയുടെ ചന്തിക്ക് രണ്ടെണ്ണം കൊടുക്കാന്‍ ആളില്ലാത്തതു കൊണ്ട് അദ്ദേഹം വളരെ താത്വികമായി പറയുന്നു, ‘ജനിച്ചാല്‍ ഒരിക്കല്‍ മരിക്കും.’ അല്ല, പിന്നെ..

അതു കൊറോണ പിടിച്ചു ശ്വാസം മുട്ടിത്തന്നെ വേണോ എന്നതാണു പാവം ബ്രസീലുകാരുടെ ചോദ്യം.

എണ്ണയിട്ടു മൂപ്പിച്ച ചാക്കോമാഷ്ടെ കൈയിലെ ചൂരലൊന്നു തന്നിട്ട് പൊട്ടിച്ചോ എന്നാരേലും പറഞ്ഞാ ഞാനാദ്യം പൊട്ടിക്കുക തത്വജ്ഞാനിയായ ജൈര്‍ ബൊല്‍സൊനാരോവിനിട്ടു തന്നെയാവും.
എന്നാല്‍ ആ ഒരാളില്‍ ഒതുങ്ങുന്നില്ല ഇമ്മാതിരി മാരണങ്ങള്‍. ഫിലിപ്പീന്‍സ്, ടാന്‍സാനിയ, ഇന്തോനീഷ്യ, മെക്‌സിക്കോ തുടങ്ങിയ രാജ്യങ്ങളിലുമുണ്ട്, കുറേ ജനങ്ങള്‍ ചത്തൊഴിയട്ടെ, എന്നാലും സാമ്പത്തികം താഴെപ്പോകരുത് എന്നു ചിന്തിക്കുന്ന ഭരണാധികാരികള്‍. ഇതൊക്കെ കാണുമ്പോ ആ ഹിറ്റ്‌ലറൊക്കെ എന്ത്… അല്ലേ?

ദുർഗ മനോജ്, തിരുവനന്തപുരം

Leave a Reply