ഒരു കിടപ്പു രോഗിയുടെ പെൻഷൻ 1300 മുഖ്യമന്ത്രി യുടെ ദുരിതാശ്വാസ നിധിയിലേക്ക്.

നമസ്കാരം
ഞാൻ മണിമല പോലിസ് സ്റ്റേഷൻ ഇൻസ്‌പെക്ടർ ആണ്.. ഇന്ന് (30-04-2020) രാവിലെ എന്റെ ഔദ്യോഗിക മൊബൈൽ ഫോണിൽ ഒരു call വന്നു. സ്റ്റേഷൻ പരിധിയിൽ പെട്ട പൊട്ടുകുളം എന്ന സ്ഥലത്തു താമസിക്കുന്ന അപ്പുക്കുട്ടൻ നായർ എന്ന് സ്വയം പരിചയപ്പെടുത്തിയ ഒരാൾ താൻ ഒരു വികലാംഗൻ ആണെന്നും തനിക്കു ലഭിക്കുന്ന വികലാംഗ പെൻഷൻ മുഖ്യമന്ത്രി യുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്യാൻ ആഗ്രഹിക്കുന്നതായും അറിയിച്ചു.. ഒരു സാധാരണ സംഭവം എന്ന നിലയിൽ ഞാൻ അതിനുള്ള മാർഗവും പണം അടക്കേണ്ട രീതിയുമൊക്ക അദ്ദേഹത്തോട് പറഞ്ഞു.. എന്നാൽ തനിക്ക് 73 വയസ്സ് ആയെന്നും താനും ഭാര്യയും മാത്രമാണ് വീട്ടിൽ താമസിക്കുന്നതെന്നും സഹായത്തിനു വിവാഹം കഴിച്ചയച്ച ഏക മകളെ വിളിച്ചു ബുദ്ധിമുട്ടിക്കേണ്ട എന്ന് കരുതിയാണ് പോലീസിന്റെ സഹായം തേടിയത് എന്നും അദ്ദേഹം പറഞ്ഞു.. വൈകുന്നേരം പട്രോളിങ്ങിന് പോകുമ്പോൾ വീട്ടിൽ വരാമെന്നും പണം വാങ്ങി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ അടക്കാൻ സഹായിക്കാമെന്നും ഞാൻ അദ്ദേഹത്തെ അറിയിച്ചു. വൈകുന്നേരം 5.30 മണിയോടെ ഞാനും സഹപ്രവർത്തകരും അദേഹത്തിന്റെ വീടിനടുത്തെത്തി ഫോൺ വിളിച്ചപ്പോൾ പ്രായമുള്ള ഒരമ്മ വഴി കാണിക്കാൻ ഇറങ്ങി വന്നു.. ചെറിയ വൈകല്യം എന്തെങ്കിലും ഉള്ള മുച്ചക്ര വാഹനം ഉപയോഗിക്കുന്ന ഒരാൾ ആയിരിക്കും ഈ അപ്പുക്കുട്ടൻനായർ എന്നാണ് ഞാൻ കരുതിയത്.. മഴയുടെ അകമ്പടിയോടെ ഞാനും സഹപ്രവർത്തകനും അവരുടെ വീട്ടിലെത്തി.. ഒരു ചെറിയ വീട്. അകത്തേക്ക് കയറുമ്പോൾ ഇടതു വശത്തു നിന്നും ഒരു സ്വാഗതം.. സാറേ ഇവിടെ…ഞാൻ നോക്കിയപ്പോൾ മെലിഞ്ഞ ഒരു മനുഷ്യൻ… കട്ടിലിൽ കിടക്കുന്നു… സാർ ഞാൻ ഇരുപത്തഞ്ചു കൊല്ലമായി ലോക്ക് ഡൌൺ ആണ്.. കിടന്ന കിടപ്പാണ്. അതുകൊണ്ടാണ് സാറിനെ ബുദ്ധിമുട്ടിച്ചത്.. 1995 ഡിസംബർ 11 ന് അടുത്തുള്ള ഒരു പുരയിടത്തിൽ മരം വെട്ടാൻ പോയപ്പോൾ മരത്തിൽ നിന്ന് വീണ് നട്ടെല്ലിന് സാരമായ പരിക്കേറ്റ് അന്ന് മുതൽ കിടപ്പിലായതാണ്.. ഒന്നര മാസത്തോളം കോട്ടയം മെഡിക്കൽ കോളേജിൽ ചികിത്സയിൽ കഴിഞ്ഞു.. പിന്നെ കഴിഞ്ഞ 25 വർഷമായി ഈ കൊച്ചു വീട്ടിൽ ഭാര്യ ഭവാനിയമ്മയോടൊ പ്പം. ചായ ഒക്കെ തന്ന് അല്പം കഴിഞ്ഞപ്പോൾ കട്ടിലിനടിയിൽ നിന്നും 2500 രൂപ എടുത്ത് ഭാര്യയുടെ കൈയിൽ കൊടുത്തു എനിക്ക് തരാൻ പറഞ്ഞു. സാർ ഇത് എന്റെ രണ്ട് മാസത്തെ പെൻഷൻ തുകയാണ്. ആദ്യം എനിക്ക് കിട്ടിയ പെൻഷൻ 40 രൂപയാണ്. പിന്നെ അത് 60 ആയി. 1000 ആയി.. ഇത് വരെ 1200 ആയിരുന്നു. ഇപ്പോൾ കഴിഞ്ഞ മാസം മുതൽ അത് 1300 ആയി. കഴിഞ്ഞ രണ്ട് മാസത്തെ പെൻഷൻ തുകയാണ് അദ്ദേഹം എന്നെ ഏല്പിച്ചത്. ഇതെല്ലാം കൊടുത്താൽ ഇനി മരുന്നിനും ഭക്ഷണത്തിനും എന്ത് ചെയ്യുമെന്ന് ഞാൻ ചോദിച്ചപ്പോൾ അദ്ദേഹം പറഞ്ഞു.. ഭാര്യക്കും ചെറിയ പെൻഷൻ ഉണ്ട്. അത് മതി. പിന്നെ അരിയായും കിറ്റായും ഒക്കെ സർക്കാർ സഹായിച്ചു. എന്തെല്ലാം കാര്യങ്ങൾ ഗവണ്മെന്റ് ചെയ്യുന്നുണ്ട്. അപ്പോൾ സർക്കാരിന് ഒരാവശ്യം വരുമ്പോൾ നമ്മൾ സഹായിക്കേണ്ടെ എന്ന ചോദ്യം… ഇത് സർക്കാരിന് കൊടുത്തത് കൊണ്ട് ഞാൻ മുടിഞ്ഞു പോകില്ല സാർ..എത്രയോ ആൾക്കാർ. പണം ഉള്ളവരും ഇല്ലാത്തവരും കൊറോണക്ക് ഇരയായി.. ഇത്രയെങ്കിലും ചെയ്തില്ലെങ്കിൽ നമ്മൾ നന്ദിയില്ലാത്തവർ ആകില്ലേ.. എന്ന ചോദ്യവും വാട്ടർ ബെഡിൽ ഒരേ കിടപ്പു കിടക്കുമ്പോഴും ജീവിതത്തെ പോസിറ്റീവ് ആയി..കാണുന്ന ആ മനുഷ്യന്റെ ശബ്ദവും ഭിത്തിയിൽ തൂങ്ങുന്ന കട്ടി മീശ വച്ച 25 കൊല്ലം മുൻപത്തെ ചെറുപ്പക്കാരന്റെ രൂപവും അവിടെ നിന്നിറങ്ങി കുറേ സമയം കഴിഞ്ഞിട്ടും എന്നെ പിന്തുടർന്നു.നാളെ ഈ തുക ബാങ്കിൽ അടച്ചിട്ട് രസീത് ഇവിടെ എത്തിക്കാം എന്ന് പറഞ്ഞപ്പോൾ നാളെ തൊഴിലാളി ദിനമാണ് സാർ.. ബാങ്ക് അവധി ആയിരിക്കും. സാർ മറ്റന്നാൾ അടച്ചാൽ മതി. രസീത് ഒന്നും തരേണ്ട എന്ന് എന്നെ ഓർമിപ്പിച്ചു അദ്ദേഹം വീണ്ടും ചിരിച്ചു.. ശമ്പളത്തിന്റെ ഒരു ഭാഗം കടമായി ചോദിച്ചപ്പോൾ കലി പൂണ്ടവരുടെയും ഞങ്ങളുടെ വരുമാനത്തിൽ തൊടാൻ പാടില്ല എന്ന് ഉത്തരവ് ഇറക്കിയവരുടെയും നേരെ കൊഞ്ഞനം കുത്തുന്ന ചിരി…..

Leave a Reply