കേരളം അടച്ചുപൂട്ടി

കേരളം : കോവിഡ് ബാധയുടെ പശ്ചാത്തലത്തിൽ സംസ്ഥാനം ലോക്ക്ഡൗണിൽ (അടച്ചിടൽ). തിങ്കളാഴ്ച അർധരാത്രി മുതൽ നിയന്ത്രണങ്ങൾ പ്രാബല്യത്തിൽ വരുമെന്നു മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ അറിയിച്ചു. മാർച്ച് 31 വരെയാണ് ലോക്ക്ഡൗൺ. അവശ്യസാധനങ്ങളുടെയും മരുന്നുകളുടെയും ലഭ്യത ഉറപ്പാക്കും. അവശ്യസാധനങ്ങൾ വിൽക്കുന്ന കടകൾ രാവിലെ 7 മുതൽ 5 വരെ പ്രവർത്തിക്കും. കാസർകോട് ജില്ലയിൽ രാവിലെ 11 മുതൽ വൈകിട്ട് 5 വരെയായിരിക്കും പ്രവർത്തനം. ബാറുകൾ പ്രവർത്തിക്കില്ല. ബവ്റിജസ് ഔട്ട്ലറ്റുകൾ നിയന്ത്രണങ്ങളോടെ പ്രവർത്തിക്കും; സമയത്തിലും ക്രമീകരണങ്ങളിലും മാറ്റമുണ്ടാകും.

ബാങ്കുകൾ രണ്ടു മണിവരെ പ്രവർത്തിക്കും. സംസ്ഥാന അതിർത്തി അടയ്ക്കും. പൊതുഗതാഗതം ഉണ്ടാകില്ല. സ്വകാര്യ വാഹനങ്ങൾ അനുവദിക്കും. പെട്രോള്‍ പമ്പുകളും എല്‍പിജി വിതരണ കേന്ദ്രങ്ങളും ആശുപത്രിയും പ്രവർത്തിക്കും. പൊതുയിടങ്ങളിൽ ആൾക്കൂട്ടം അനുവദിക്കില്ല. സർക്കാർ ഓഫിസുകൾ നിയന്ത്രണങ്ങളോടെ പ്രവർത്തിക്കും. ഓഫിസുകളിൽ അത്യാവശ്യ ജീവനക്കാർ മാത്രമേ ഉണ്ടാകൂ. അവശ്യ സാധനങ്ങൾ വിൽക്കുന്ന കടകളും മെഡിക്കൽ ഷോപ്പുകളും ഒഴികെ മറ്റെല്ലാ കടകളും അടയ്ക്കും. ഹോട്ടലുകളിൽ ഇരുന്ന് ഭക്ഷണം കഴിക്കാൻ അനുവദിക്കില്ല. വീടുകളിൽ ഭക്ഷണ വിതരണം അനുവദിക്കും. സാധനങ്ങൾ വാങ്ങാന്‍ ഇറങ്ങുമ്പോൾ ശാരീരിക അകലം പാലിക്കണം.

മറ്റു സംസ്ഥാനങ്ങളിൽനിന്ന് വരുന്നവർക്ക് 14 ദിവസത്തെ നിരീക്ഷണം നിർബന്ധമാക്കി. വെള്ളം, വൈദ്യുതി, അവശ്യ സാധനങ്ങൾ, ടെലികോം എന്നിവ തടസമില്ലാതെ ജനങ്ങൾക്ക് ലഭിക്കും. അതിഥി തൊഴിലാളികൾക്ക് ക്യാംപുകൾ ഒരുക്കും. നിരീക്ഷണത്തിലുള്ളവർക്ക് വീടുകളിൽ ഭക്ഷണം എത്തിക്കും. ഉംറ കഴിഞ്ഞുവന്നവരും വിദേശത്തുനിന്ന് നേരത്തെ വന്നവരും ജില്ലാ ഭരണകൂടത്തെ അറിയിക്കണം. അവരെ അറിയുന്നവരും അധികൃതരെ വിവരം അറിയിക്കണം. മാധ്യമപ്രവർത്തകർക്ക് വാർത്ത ശേഖരിക്കാനുള്ള സൗകര്യം അനുവദിക്കും.

Leave a Reply