കൊറോണ വൈറസ്: ജീവിതം വഴിമുട്ടിയ കലാകാരന്മാർ

കൊറോണ വൈറസ്: ജീവിതം വഴിമുട്ടിയ കലാകാരന്മാരെ സർക്കാർ സഹായിക്കണം.

പുരോഗമന കലാസാഹിത്യ സംഘം സംസ്ഥാനക്കമ്മിറ്റി

കൊറോണ വൈറസിൻ്റെ വ്യാപനത്തെ തടയുന്നതിൻ്റെ ഭാഗമായി കേരളത്തിൽ എല്ലാ ഉത്സവങ്ങളും ആഘോഷങ്ങളും കലാവതരണങ്ങളും മറ്റു സാംസ്കാരികപരിപാടികളും നിർത്തിവെച്ചിരിക്കുകയാണ്. ഇതിൻ്റെ ഫലമായി ഏറ്റവും ഏറെ ദുരിതമനുഭവിക്കുന്നത് ഇവിടത്തെ പെർഫോമിംഗ്‌ ആർട്ടിസ്റ്റുകളാണ്. പൊതുവെ കേരളത്തിലെ കലാകാരന്മാർ സാമ്പത്തികമായി വളരെ പിന്നിൽ നിൽക്കുന്നവരാണ്. അവർ  തങ്ങളുടെ ജീവിതം നിലനിർത്തുന്നതിനു വേണ്ടി എന്തെങ്കിലുമൊക്കെ സ്വരുക്കൂട്ടുന്ന മാസങ്ങളാണ് കടന്നു പോകുന്നത്. ഉത്സവങ്ങളോടനുബന്ധിച്ചുള്ള അനുഷ്ടാന കലകൾ മുതൽ വാദ്യങ്ങൾ, നാടകാവതരണങ്ങൾ, സംഗീത പരിപാടികൾ എന്നിവയെല്ലാം തടസ്സപ്പെട്ടപ്പോൾ ഒട്ടുമിക്ക കലാകാരന്മാരും വരുമാനമില്ലാതെ ദാരിദ്ര്യം അനുഭവിക്കുന്നു. ഇവർക്ക് സാമ്പത്തിക സഹായം നൽകണമെന്ന് സംസ്ഥാന സർക്കാരിനോട് സംഘം അഭ്യർത്ഥിക്കുന്നു.

ലോകമെങ്ങുമുള്ള മനുഷ്യജീവിതത്തെ ആശങ്കയിലാഴ്ത്തിക്കൊണ്ടുള്ള വൈറസ് ബാധക്കെതിരെ ലോകത്തിനു മുഴുവൻ മാതൃകയായ പ്രവർത്തനങ്ങൾ കാഴ്ചവെച്ച് സംസ്ഥാന സർക്കാർ മുന്നേറുകയാണ്. ജീവിതം തടസ്സപ്പെടുന്ന സാമാന്യ മനുഷ്യരെ തിരിച്ചറിഞ്ഞ് ഇരുപതിനായിരം കോടി രൂപയുടെ പാക്കേജാണ് ബഹുമാനപ്പെട്ട മുഖ്യമന്ത്രി പ്രഖ്യാപിച്ചിരിക്കുന്നത്. ദുരിതമനുഭവിക്കുന്ന പാവപ്പെട്ട കലാകാരന്മാരെക്കൂടി പാക്കേജിൻ്റെ ഭാഗമാക്കണമെന്ന് അഭ്യർത്ഥിക്കുന്നു.

Leave a Reply