കോവിഡ് – 19: മലപ്പുറം ജില്ലയിൽ 474 പേര്‍ കൂടി നിരീക്ഷണത്തില്‍

കോവിഡ് 19: മലപ്പുറം ജില്ലയിൽ 474 പേര്‍ കൂടി നിരീക്ഷണത്തില്‍ 457 പേർക്ക് വൈറസ് ബാധയില്ല

ജില്ലയിൽ നിരീക്ഷണത്തിലുള്ളത് 12,099 പേര്‍

കോവിഡ് 19 വ്യാപനം തടയുന്നതിന്റെ ഭാഗമായി മലപ്പുറം ജില്ലയില്‍ തിങ്കളാഴ്ച്ച മുതല്‍ 474 പേര്‍ക്കുകൂടി പ്രത്യേക നിരീക്ഷണം ഏര്‍പ്പെടുത്തി. ഇതോടെ ജില്ലയില്‍ നിരീക്ഷണത്തിലുള്ളവരുടെ എണ്ണം 12,099 ആയതായി ജില്ലാ കലക്ടര്‍ ജാഫര്‍ മലിക് കോവിഡ് പ്രതിരോധ മുഖ്യ സമിതി അവലോകന യോഗത്തില്‍ അറിയിച്ചു. 105 പേരാണ് വിവിധ ആശുപത്രികളില്‍ നിരീക്ഷണത്തില്‍ കഴിയുന്നത്. കോവിഡ് പ്രത്യേക ചികിത്സാ കേന്ദ്രമായ മഞ്ചേരി ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ 89 പേരാണ് ഐസൊലേഷനിലുള്ളത്. നിലമ്പൂര്‍ ജില്ലാ ആശുപത്രിയില്‍ എട്ട്, തിരൂര്‍ ജില്ലാ ആശുപത്രിയിലും തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിലും നാലു പേര്‍ വീതവും ഐസൊലേഷന്‍ വാര്‍ഡുകളിലുണ്ട്. 11,971 പേര്‍ വീടുകളിലും 23 പേര്‍ കോവിഡ് കെയര്‍ സെന്ററുകളിലും സ്വയം നിരീക്ഷണത്തില്‍ കഴിയുന്നു.
ജില്ലയില്‍ 457 പേര്‍ക്ക് വൈറസ് ബാധയില്ലെന്നു സ്ഥിരീകരിച്ചു
122 സാമ്പിളുകളുടെ ഫലങ്ങളാണ് ഇനി ലഭിക്കാനുള്ളത്. ജില്ലയില്‍ വൈറസ് ബാധ സ്ഥിരീകരിച്ചവരുടെ ആരോഗ്യ നില തൃപ്തികരമായി തുടരുകയാണെന്നും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ വ്യക്തമാക്കി.
കോവിഡ് 19 പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി കര്‍ശന ആരോഗ്യ ജാഗ്രത തുടരുകയാണെന്ന് ജില്ലാ കലക്ടര്‍ പറഞ്ഞു. വാര്‍ഡ് തലങ്ങളില്‍ ദ്രുത കര്‍മ്മ സംഘങ്ങളുടെ നേതൃത്വത്തില്‍ നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്.തിങ്കളാഴ്ച 5,213 വീടുകളില്‍ ദ്രുത കര്‍മ്മ സംഘങ്ങള്‍ സന്ദര്‍ശനം നടത്തി. ആരോഗ്യ വകുപ്പിന്റെ നിര്‍ദേശങ്ങള്‍ കൈമാറുന്നതിനൊപ്പം നിരീക്ഷണത്തിലുള്ളവര്‍ പൊതു സമ്പര്‍ക്കം പുലര്‍ത്തുന്നുണ്ടോയെന്നും സംഘം നിരീക്ഷിക്കുന്നുണ്ട്. വീടുകളില്‍ നിരീക്ഷണത്തിലുള്ള 1387 പേര്‍ക്ക് ഇന്നലെ ആരോഗ്യ വകുപ്പിലെ വിദഗ്ധ സംഘം കൗണ്‍സലിംഗ് നല്‍കി.

ജില്ലാ പൊലീസ് മേധാവി യു. അബ്ദുള്‍ കരീം, പെരിന്തല്‍മണ്ണ സബ് കലക്ടര്‍ കെ.എസ്. അഞ്ജു, എ.ഡി.എം എന്‍.എം മെഹറലി, ദുരന്ത നിവാരണ വിഭാഗം ഡെപ്യൂട്ടി കലക്ടര്‍ പി.എന്‍ പുരുഷോത്തമന്‍, മഞ്ചേരി ഗവ. മെഡിക്കല്‍ കോളജ് സൂപ്രണ്ട് ഡോ. കെ. നന്ദകുമാര്‍, എന്‍.എച്ച്.എം ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ. എ. ഷിബുലാല്‍, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ ജി. ബിന്‍സിലാല്‍, വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവരും ജില്ലാതല അവലോകന യോഗത്തില്‍ പങ്കെടുത്തു.

മലപ്പുറത്ത് സൗജന്യ റേഷന്‍ ഏപ്രില്‍ ആദ്യവാരം
വിതരണം ചെയ്യും

ജില്ലയില്‍ സൗജന്യ റേഷന്‍ ഏപ്രില്‍ ആദ്യവാരം വിതരണം ചെയ്യുമെന്ന് ജില്ലാസപ്ലൈ ഓഫീസര്‍ അറിയിച്ചു. അന്ത്യോദയ, മുന്‍ഗണന വിഭാഗത്തിന് നിലവിലുള്ള അര്‍ഹതപ്പെട്ട റേഷന്‍ വിഹിതം സൗജന്യമായി വിതരണം ചെയ്യും. പൊതുവിഭാഗം സബ്‌സിഡി വിഭാഗത്തിലുള്ളവര്‍ക്കും നോണ്‍ സബ്‌സിഡി വിഭാഗത്തിനും കാര്‍ഡ് ഒന്നിന് റേഷന്‍ വിഹിതമായി പരമാവധി 15 കിലോഗ്രാം അരി സൗജന്യമായി ലഭിക്കും. കൊവിഡ് – 19 വ്യാപനവുമായി ബന്ധപ്പെട്ട് ആരോഗ്യവകുപ്പ് നിഷ്‌കര്‍ഷിച്ചിട്ടുള്ള എല്ലാ സുരക്ഷാ നിര്‍ദേശങ്ങളും പാലിച്ചായിരിക്കും റേഷന്‍ വിതരണം ചെയ്യുക. റേഷന്‍ കടയില്‍ എത്തുന്ന ഗുണഭോക്താവ് ഒരു മീറ്റര്‍ അകലം പാലിക്കണം. ഒരേ സമയം അഞ്ച് പേരില്‍ കൂടുതല്‍ ആളുകളെ ക്യൂവില്‍ നിര്‍ത്തില്ല.
എ.എ.വൈ, പി.എച്ച്.എച്ച് വിഭാഗം കാര്‍ഡുകള്‍ക്ക് (മഞ്ഞ, പിങ്ക് കാര്‍ഡുകള്‍) രാവിലെ ഒന്‍പത് മുതല്‍ ഉച്ചക്ക് ഒന്ന് വരെയും എന്‍.പി.എസ്, എന്‍.പി.എന്‍.എസ് നീല, വെള്ള കാര്‍ഡുകള്‍ വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് ഉച്ചക്ക് രണ്ട് മുതല്‍ വൈകീട്ട് അഞ്ചുവരെയുമാണ് വിതരണം ചെയ്യുകയെന്നും ജില്ലാസപ്ലൈ ഓഫീസര്‍ അറിയിച്ചു.
ഇതര സംസ്ഥാന തൊഴിലാളികള്‍ക്ക് പരാതികള്‍ അറിയിക്കാം
ജില്ലയില്‍ കോള്‍ സെന്റര്‍ സജ്ജമായി

സംസ്ഥാനത്ത് ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ച സാഹചര്യത്തില്‍ ഇതര സംസ്ഥാന തൊഴിലാളികള്‍ക്ക് പ്രശ്‌നങ്ങള്‍ അറിയിക്കുന്നതിനും പരാതികള്‍ പരിഹരിക്കുന്നതിനുമായി ജില്ലയില്‍ തൊഴില്‍ വകുപ്പിന്റെ കോള്‍ സെന്റര്‍ സജ്ജമായി. ജില്ലാ ലേബര്‍ ഓഫീസിലാണ് കോള്‍ സെന്റര്‍ സജ്ജമാക്കിയിരിക്കുന്നത്. ഇതര സംസ്ഥാനക്കാര്‍ക്ക് തമിഴ്, ഹിന്ദി, ബംഗാളി, അസാമീസ്, ഒറിയ തുടങ്ങിയ അവരവരുടെ ഭാഷകളില്‍ മറുപടി നല്‍കുന്നതിനും പ്രശ്‌ന പരിഹാരത്തിനുമായി ഭാഷാ വിദഗ്ധരായ ജീവനക്കാരെയാണ് നിയോഗിച്ചിട്ടുള്ളത്. രണ്ടു ഭാഷാ വിദഗ്ധരടങ്ങുന്ന ടീമാണ് 24 മണിക്കൂറും സേവനത്തിനായി കോള്‍ സെന്ററില്‍ പ്രവര്‍ത്തിക്കുക. കൂടാതെ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന വിധത്തില്‍ ജീവനക്കാരെയും നിയോഗിച്ചിട്ടുണ്ട്.

തൊഴില്‍ വകുപ്പിന്റെ നേതൃത്വത്തില്‍ അതിഥി തൊഴിലാളികള്‍ക്ക് കോവിഡ് 19 ജാഗ്രതാ നിര്‍ദേശങ്ങള്‍ കൈമാറുന്നതിനായി ഹിന്ദി, ഒറിയ, ബംഗാളി, അസാമീസ് ഭാഷകളില്‍ ഓഡിയോ തയാറാക്കി വാട്‌സ്ആപ്പ് തുടങ്ങിയ സാമൂഹ്യ മാധ്യമങ്ങള്‍ വഴി പ്രചരണം നല്‍കി വരുന്നു. ജില്ലാഭരണകൂടത്തിന്റെ സഹകരണത്തോടെ അതിഥി തൊഴിലാളികള്‍ക്ക് ഭക്ഷണം ഉള്‍പ്പെടെയുള്ള സൗകര്യങ്ങള്‍ ഉറപ്പാക്കുന്നതിനായുള്ള നടപടികളും ജില്ലയില്‍ പുരോഗമിക്കുന്നു.
ഇതര സംസ്ഥാനതൊഴിലാളികള്‍ക്കിടയില്‍ തൊഴില്‍ വകുപ്പ് നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ക്കായി ജില്ലാ ലേബര്‍ ഓഫീസറെ നോഡല്‍ ഓഫീസറായി നിയമിച്ചു. ലേബര്‍ കമ്മീഷണറുടെയും ജില്ലാ കലക്ടറുടെയും നിര്‍ദേശാനുസരണം നോഡല്‍ ഓഫീസര്‍ പ്രവര്‍ത്തിക്കും. അതിഥി തൊഴിലാളികള്‍ക്ക് അവരുടെ പ്രശ്‌നങ്ങള്‍ ജില്ലാതലത്തില്‍ പ്രവര്‍ത്തിക്കുന്ന 0483-2734814, 8547655272, 8547655273 എന്ന കോള്‍ സെന്റര്‍ നമ്പറുകളുമായി ബന്ധപ്പെട്ട് അറിയിക്കാം.
കോവിഡ് 19ന്റെ പശ്ചാത്തലത്തില്‍ സര്‍ക്കാര്‍ നിര്‍ദേശ പ്രകാരം വ്യക്തമായ അകലം പാലിച്ചും സുരക്ഷാക്രമീകരണത്തോടെയും ജില്ലാപഞ്ചായത്ത് ബോര്‍ഡ് യോഗം ചൊവ്വാഴ്ച രാവിലെ 11.30ന് ചേരുമെന്ന് സെക്രട്ടറി അറിയിച്ചു.

Leave a Reply