ജീവിതയുദ്ധ തന്ത്രങ്ങള്‍ നമുക്ക് അന്യമായിരിക്കുന്നു.

പണ്ട് ബോംബെ പനി വന്ന്, എല്ലാരും ചത്തൊടുങ്ങാന്‍ തൊടങ്ങിയപ്പോ ആളുകള്‍ പരസ്പരം പറഞ്ഞു. ലോകം അവസാനിച്ചൂന്ന്. ഇനി പഴയതു പോലെ ജീവിക്കാന്‍ പറ്റൂല്ലാന്ന്… സ്പാനിഷ് പനി എന്ന പേരില്‍ ഈ പകര്‍ച്ചവ്യാധി കാരണം അഞ്ചു കോടി ജനങ്ങളാണ് അക്കാലത്ത് മരിച്ചത്. അതിനു തൊട്ടു മുന്നേ ഒന്നാം ലോകമഹായുദ്ധം കാരണം ഒരു ഒന്നരക്കോടി ജനങ്ങള്‍ മരിച്ചിരുന്നു. പനി മാറീ കഴിഞ്ഞപ്പോ തന്നെ ഭൂമികുലുക്കമുണ്ടായി ചൈനയില്‍ മരിച്ചത് ഒന്നേകാല്‍ ലക്ഷം പേര്. എന്നിട്ടും ഇതൊക്കെ മനുഷ്യന്‍ അതിജീവിച്ചില്ലേ- എന്നാലിന്നോ?

ഇപ്പോഴത്തെ വലിയൊരു പ്രശ്‌നം, കൊച്ചു കാര്യങ്ങളില്‍ നമ്മള്‍ വീണു പോകുന്നതാണ്. ജീവിതയുദ്ധ തന്ത്രങ്ങള്‍ നമുക്ക് അന്യമായിരിക്കുന്നു. അതിനു കാരണം, നമുക്ക് ആരോടും മിണ്ടാന്‍ നേരമില്ല. നമ്മുടെ തലമുറ ഇന്ന് കൂനികൂടിയിരുന്നു ഫോണില്‍ ഞെക്കുകയാണ്. എഫ്ബി, ഇന്‍സ്റ്റാ, യുട്യൂബ്, ടിക്ക്‌ടോക്ക്, പബ്ജി അങ്ങനെ എന്തരൊക്കെയോ കലാപരിപാടികളാണ്. അതിനിടയ്ക്ക് ലോക്ക്ഡൗണ്‍ വന്നത് കൂടുതല്‍ സൗകര്യമായി. പുലരുവോളം, ഫോണിലെ ചാര്‍ജ് തീരുവോളമാണ് ഈ ആര്‍ട്ട് ആന്‍ഡ് ക്രാഫ്റ്റ്. എന്നിട്ട് ഉച്ചവരെ കിടന്നുറങ്ങുക. എന്നിട്ടും പിന്നെയും ഇതു തന്നെ. അതിനിടയ്ക്ക് കോവിഡ് വന്നാലെന്ത്, ലോക്ക്ഡൗണ്‍ വന്നാലെന്ത്!

നിങ്ങളൊരു കാര്യമോര്‍ക്കണം, ഫേസ്ബുക്കില്‍ അയ്യായിരം ഫ്രണ്ട്‌സുണ്ടെന്നത് വലിയ കാര്യമാണ്, പക്ഷേ വണ്ടിക്കൂലിക്ക് പത്തുരൂപ കടം ചോദിക്കാന്‍ പറ്റുന്ന ബന്ധമുണ്ടോ? ഒരു തേന്‍വരിക്ക കൊണ്ടു തരുമോ, രണ്ടു കിളിചുണ്ടന്‍ തരുവോ?. വീണു പോയാല്‍, ഒരു ആംബുലന്‍സ് പിടിച്ച് ആശുപത്രിയിലാക്കാന്‍ ഈ യുട്യൂബ് സബ്‌സ്‌ക്രൈബേഴ്‌സ് ആരും കാണില്ല. അതിന് അപ്പുറത്തെ വീട്ടിലെ കേശുമാമനും ഭാര്‍ഗവിയേച്ചിയും തന്നെ വേണം. നാഴിയരി കടം മേടിക്കുകയും തിരിച്ചു കൊടുക്കുകയും ചെയ്യുന്ന ഒരു കാലമുണ്ടായിരുന്നു. ആ കാലത്തില്‍ നിന്നവര്‍ക്കാണ് അതിജീവനം സാധ്യമായത്. അല്ലാതെ ഡേറ്റകള്‍ വാരിക്കോരി തന്നെ, പൊട്ടക്കിണറ്റിലെ തവളകളാക്കി മനുഷ്യനെ മാറ്റുന്ന ഈ കാലത്തല്ല. ലോക്ക്ഡൗണ്‍ കഴിയുമ്പോള്‍ ലോകം കാണാന്‍ പോകുന്നത് കൂടുതല്‍ മാനസികരോഗികളെ ആയിരിക്കുമെന്നതില്‍ സംശയമില്ല.

ഇന്നത്തെ സാഹചര്യത്തില്‍ ലോക്ക്ഡൗണോടു കൂടി ഈ പിശാച് പറമ്പൊഴിഞ്ഞു പോകുമെന്നു കരുതിയത് തെറ്റിപ്പോയി. അതിനു കടമറ്റത്ത് കത്തനാര്‍ വീണ്ടും പനയനാര്‍കാവില്‍ പോകേണ്ടി വരുമെന്നുറപ്പ്.

Leave a Reply