പ്രശസ്ത സംഗീത സംവിധായകൻ എം.കെ.അർജുനൻ മാസ്റ്റർ അന്തരിച്ചു

മലയാളിക്ക് ആയിരത്തോളം കുളിര് കോരുന്ന സിനിമാ ഗാനങ്ങളും 800 ഓളം നാടകഗാനങ്ങളും സമ്മാനിച്ച പ്രശസ്ത സംഗീത സംവിധായകൻ എം.കെ.അർജുനൻ അന്തരിച്ചു.കൊച്ചി പള്ളുരുത്തിയിലെ വീട്ടിൽ പുലർച്ചെ 3.30നായിരുന്നു മരണം. 1936 മാർച്ച് ഒന്നിന് ഫോർട്ട് കൊച്ചി ചിരട്ടപ്പാലത്ത് കൊച്ചു കുഞ്ഞ് – പാറു ദമ്പതികളുടെ മകനായി പിറന്നു. 6 മാസം കഴിഞ്ഞപോൾ പിതാവ് മരിച്ചു. ദാരിദ്ര്യം കാരണം, അമ്മ അർജുനനെ, ജേഷ്ഠനോടൊപ്പം പഴനി ആനന്ദാശ്രമത്തിലാക്കി. ആശ്രമത്തിലെ നാരായണസ്വാമിയാണ് അർജുനൻ്റെ പാടാനുളള കഴിവ് കണ്ടെത്തി പ്രോൽസാഹിപ്പിച്ചത്.ആശ്രമത്തിൽ ആളുകൾ വർദ്ധിച്ചപോൾ വീട്ടിലേക്ക് മടങ്ങി.നാട്ടിൽ കൂലിപ്പണിയും സംഗീത പഠനവുമായി പോകുന്നതിനിടയിൽ പള്ളിക്കുറ്റം എന്ന നാടകത്തിൽ പകരക്കാരനായി സംഗീതം നൽകാൻ അവസരം ലഭിച്ചു.തുടർന് ചങ്ങനാശേരി ഗീത, പീപ്പിൾസ് തിയേറ്റർ, ദേശാഭിമാനി തീ യേറ്റേഴ്സ്,ആലപ്പി തീയേറ്റേഴ്സ്, തുടങ്ങി 300 നാടകങ്ങളിൽ 800 ഗാനങ്ങൾക്ക് ഈണം പകർന്നു. നാടക രംഗത്ത് പരിചയപ്പെട്ട ദേവരാജൻ മാസ്റ്ററാണ് സിനിമയിലേക്ക് വഴി തുറന്ന് കൊടുത്തത്. കറുത്ത പൗർണമിയാണ് ആദ്യ സിനിമ. വയലാർ, പി .ഭാസ്ക്കരൻ, ഒ.എൻ.വി.കുറുപ്പ്, എന്നിവരുടെ രചനകൾക്കാണ് കൂടുതൽ സംഗീതം നിർവ്വഹിച്ചത്.ശ്രീകുമാരൻ തമ്പി – അർജുനൻ മാസ്റ്റർ ടീം ഒരുക്കിയ ഗാനങ്ങൾ ഹിറ്റുകളായി.അവസാനമായി സംഗീതം നിർവ്വഹിച്ചത് കുമാർ നന്ദ സംവിധാനം ചെയ്ത “വെള്ളാരംകുന്നിലെ വെള്ളിമീനുകൾ ” എന്ന സിനിമക്ക്.

Leave a Reply