മരുമകളും വൈദ്യരും :

ഒരു സന്ദേശ കഥ: മരുമകളും വൈദ്യരും : വിവാഹം കഴിഞ്ഞ പിറ്റേ ദിവസം മരുമകളെ വിളിച്ച് ഭർതൃമാതാവ് വീട്ടിലെ കാര്യങ്ങളെല്ലാം പറഞ്ഞു കൊടുത്തു. കുറച്ച് ദിവസം രണ്ടു പേരും നല്ല സ്നേഹത്തോടെ കഴിഞ്ഞു. നിസാര കാര്യങ്ങൾക്ക് പോലും ഭർത്താവിൻ്റെ മുന്നിൽ വച്ച് തന്നെ കുറ്റപ്പെടുത്തുകയും പരിഹസിക്കുകയുമാണ് ഭർതൃമാതാവ് ചെയ്യുന്നതെന്ന് മരുമകൾക്ക് തോന്നി തുടങ്ങി. അവളുടെ ഉള്ളിൽ അമ്മായി അമ്മ ഒരു രാക്ഷസിയായി രൂപമെടുത്തിരുന്നു. ഭക്ഷണം വിളമ്പി കൊടുക്കാൻ പോലും മരുമകൾ മടിച്ചു . ഇരുവരും മാനസികമായി അകന്നു എന്ന് തോന്നിയപോൾ മരുമകൾ നഗരത്തിലെ പ്രശസ്തനായ ഒരു വൈദ്യരെ കണ്ടു. തൻ്റെ മനസിൽ ഭർതൃമാതാവിനോടുള്ള അടങ്ങാത്ത ദേഷ്യം വൈദ്യരെ രഹസ്യ ഭാവത്തിൽ ധരിപ്പിച്ചു. “അമ്മായി അമ്മയെ കൊല്ലണം”. വൈദ്യർ എല്ലാം കേട്ട ശേഷം , “ശരി, ഞാൻ മരുന്ന് തരാം.45 ദിവസം തുടർച്ചയായി മരുന്ന് കുറേശെ അമ്മായി അമ്മക്ക് നൽകണം. ഭക്ഷണത്തിൽ അറിയാതെ കൊടുത്താൽ മതി.” മരുമകൾ വൈദ്യർ നിർദ്ദേശിച്ചതനുസരിച്ച് ഓരോ ദിവസവും കുറേശെ മരുന്ന് ഭക്ഷണത്തിൽ ചേർത്ത് അമ്മായി അമ്മക്ക് നൽകി.ദിവസങ്ങൾ പിന്നിടും തോറും മരുമകൾക്ക് കുറ്റബോധത്താൽ ഹൃദയവേദന അനുഭവപ്പെട്ടു.കിടന്നാൽ ഉറക്കം വരാതായി. സമയത്തിന് ഭക്ഷണം കഴിക്കാൻ മറന്നു പോയി. ഭർത്താവിനെ ശ്രദ്ധിക്കാനോ, സ്നേഹിക്കാനോ പറ്റാത്ത അവസ്ഥ. അതിനിടെ അമ്മായി അമ്മയുടെ സ്വഭാവത്തിൽ വലിയ മാറ്റമുണ്ടായി. കൃത്യസമയം തന്നെ അമ്മായി അമ്മക്ക് ഭക്ഷണം നൽകി, സ്നേഹം അഭിനയിച്ചു. 25 ദിവസം പിന്നിട്ടപ്പോൾ മരുമകൾ വൈദ്യരെ സമീപിച്ചു. “വൈദ്യരേ, അമ്മയുടെ സ്വഭാവത്തിൽ വലിയ മാറ്റം വന്നിട്ടുണ്ട്. ഇനി അമ്മയെ കൊല്ലേണ്ട, എന്താ ചെയ്യാൻ പറ്റുക ,”വൈദ്യർ പ്രതീക്ഷിച്ച വാക്കുകളായിരുന്നു അത്. വൈദ്യർ ചിരിച്ചു കൊണ്ട് പറഞ്ഞു, “മോൾ വിഷമിക്കേണ്ട, ഞാൻ തന്നത് കൊല്ലാനുള്ള മരുന്നല്ലായിരുന്നു, മധുരമുള്ള പൊടി മാത്രമായിരുന്നു അത്.എല്ലാം നിങ്ങളുടെ മാനസിക പൊരുത്തക്കേടായിരുന്നു. വിഷമാണെന്ന് കരുതി വളരെ ശ്രദ്ധാപൂർവ്വം ഭർതൃമാതാവിന് കൃത്യ സമയങ്ങളിൽ രുചികരമായ ഭക്ഷണം നൽകുകയും ശുശ്രൂഷിക്കുകയും ബഹുമാനിക്കുകയും ചെയ്തപ്പോൾ, അവർ മരുമകളെ സ്വന്തം മകളെ പോലെ ഇഷ്ടപ്പെട്ടു,സ്നേഹിച്ചു. ” വൈദ്യരുടെ മറുപടി കേട്ട് മരുമകൾ വീട്ടിലേക്ക് പോയി. ഭർതൃമാതാവിനെ സ്വന്തം അമ്മയെ പോലെ സ്നേഹിച്ചു. അമ്മായി അമ്മയും മരുമകളും ദീർഘകാലം സുഖജീവിതം നയിച്ചു. – McVelayudhan. (കഥ, രജിസ്റ്റർ ചെയ്തിട്ടുണ്ട്)

Leave a Reply