ലോക പരിസ്ഥിതി ദിനത്തിൽ ബി.ജെ.പി പ്രസിഡണ്ട് കെ.സുരേന്ദ്രൻ്റെ പോസ്റ്റ്.

ലോക പരിസ്ഥിതി ദിനത്തിൽ ബി.ജെ.പി പ്രസിഡണ്ട് കെ.സുരേന്ദ്രൻ്റെ പോസ്റ്റ്:ജൂൺ ജൂൺ 5 ലോക പരിസ്ഥിതിദിനം..
ആവാസത്തെക്കുറിച്ചുള്ള ആശങ്കയും കരുതലുമാണ് പരിസ്ഥിതി അവബോധത്തിന്റെ കാതൽ. ആഗോള കാലാവസ്ഥാ പ്രതിസന്ധിയിൽനിന്ന് ഒട്ടും വ്യത്യസ്തമല്ല നമ്മുടെ കേരളത്തിലെ പരിസ്ഥിതിയും. 44 നദികൾ ഒഴുകുന്ന നമ്മുടെ കേരളത്തിൽ, ഞാറ്റുവേലകൾ പകലും രാത്രിയും പിറക്കുന്ന ദൈവത്തിന്റെ സ്വന്തം നാട്ടിൽ ഒറ്റ ദിവസം കുടിക്കുന്ന കുപ്പിവെള്ളത്തിന്റെ കണക്ക് മാത്രം നോക്കിയാൽ ആവാസവ്യവസ്ഥ തകർന്നതിന്റെ നേർ ചിത്രം കാണാനാകും.
കുപ്പിവെള്ളം വിൽക്കാൻ മാത്രം കേരളത്തിൽ 200ലധികം കമ്പനികളാണുള്ളത്. ഇവർ ഊറ്റുന്ന
വെള്ളത്തിന്റെ കണക്കുകൾ അങ്ങ് പശ്ചിമഘട്ടമലനിരകളോളം നീണ്ടുകിടക്കുന്നു. കണ്ണാടി പോലെ തെളി നീരായി ഒഴുകിയിരുന്ന പുഴകളിന്ന് മാലിന്യ കൂമ്പാരങ്ങളാണ്. പുഴയും കാടും കായലും കരയും കടലും കയ്യേറി, കനകം വിളയിച്ച വയലും കുറിഞ്ഞികൾപൂത്ത കുന്നുകളും കയ്യേറി, ആദിമ സംസ്കാരത്തിന്റെ കേന്ദ്രങ്ങളായ പശ്ചിമഘട്ട മലനിരകളെ തുരന്നും പരിസ്ഥിതിയോട് യുദ്ധം പ്രഖ്യാപിച്ച കേരളത്തിലെഭരണവർഗ ചെയ്തികൾക്ക് മാപ്പർഹിക്കുന്നില്ല. മനുഷ്യനും ജൈവ മേഖലയും തമ്മിലുള്ള ആത്മബന്ധത്തെപറ്റി ആനയോളം പ്രസംഗിക്കുകയും ആ പാവം ജീവിയെ കൈതച്ചക്കയിൽ ബോംബ് വെച്ച് തകർക്കുകയും ചെയ്യുന്ന മനോനിലവാരമുള്ളവർ ഇപ്പോഴും ഉണ്ടെന്നുള്ളത് ആശങ്കയുയർത്തുന്നു. അനധികൃത വനനശീകരണവും, പലതരം ഖനനങ്ങളും ക്വാറി മാഫിയകളും ഡാം മാഫിയകളും, മണൽ മാഫിയകളും കാട് കയ്യേറിയുള്ള കൃഷികളും കാടുകത്തിക്കലും ആദിവാസി സംസ്കാരത്തെ ഒറ്റപ്പെടുത്തലും ഭരണവർഗ ഒത്താശയോടെ നിർബാധം തുടരുന്നു. ഒരു ജൈവമണ്ഡലം എന്നുള്ള നിലയിൽ ഭൂമിയുടെ നിലനിൽപ്പ് നേരിടുന്ന പ്രതിസന്ധികളെക്കുറിച്ചാണ് ഓരോ പരിസ്ഥിതി ദിനവും ചർച്ചചെയ്തു കടന്നുപോകുന്നത്. മാനവരാശിയുടെ നിലനിൽപ്പിന് ആധാരമായ പ്രകൃതിയെ സർവ്വ നാശത്തിൽനിന്ന് കരകയറ്റുവാനുള്ള പാരിസ്ഥിതിക ജാഗ്രത പുലർത്തുക എന്നതാണ് ഈ ദിനത്തിൽ നമുക്ക് പ്രതിജ്ഞയെടുക്കുവാനുള്ളത്. പ്രകൃതി സംരക്ഷണത്തിനുള്ള മഹാ പരിശ്രമങ്ങളിൽ ജീവന്റെ അവസാന പച്ചപ്പും നിലനിർത്തുവാനുള്ള യജ്ഞത്തിൽ പ്രകൃതിയെ ഈശ്വരനായി ആരാധിച്ച നമുക്കോരോരുത്തർക്കുമാകട്ടെ എന്ന് ഒരിക്കൽ കൂടി ആശംസിക്കുന്നു…..

Leave a Reply