സൂഫിയും സുജാതയും.

ചെറുത്, മനോഹരം, ഹൃദയ നൈര്‍മല്യത്തോടെ കണ്ടിരിക്കാവുന്നത് എന്നൊക്കെ പറയാവുന്ന ഒരു സിനിമ. അതാണ് സൂഫിയും സുജാതയും. പ്രണയത്തിനിത്ര ഭംഗിയെന്ന് കാഴ്ചക്കാരെ ചിന്തിപ്പിക്കുന്ന ആവിഷ്‌ക്കാരം. ആ പെണ്‍കുട്ടിയുടെ കാല്‍വിരലുകളില്‍പ്പോലും പ്രണയ പതംഗ ചിറകടി നമുക്കു തൊട്ടെടുക്കാം.

ധാരാളം സിനിമകള്‍ കണ്ടു കഴിഞ്ഞ പ്രേക്ഷകരിലേക്കാണ് നവ്യാനുഭവമായി സുജാത കടന്നു വരുന്നത്. ഊമയായ പെണ്‍കുട്ടി, ആ വിശേഷണം അപ്രസക്തമാക്കുന്ന അവളുടെ കണ്ണുകള്‍, അതില്‍ വിരിയുന്ന ഭാവങ്ങള്‍, ഇസഡോറ ഡങ്കനെന്ന മഹാ നര്‍ത്തകിയെ, അവരുടെ കാറ്റിനോടു ചേര്‍ന്നു കാറ്റായ് മാറുന്ന കോംപോസിഷനുകളെ ഓര്‍മ്മിപ്പിക്കുന്നു സുജാതയുടെ നൃത്തരംഗങ്ങള്‍. കോറിയോഗ്രാഫിയുടെ മികവുകള്‍ക്കപ്പുറം ഒരു അഭിനേത്രി ആത്മീയ തലത്തിലേക്കു സ്വയം ഉയരുമ്പോള്‍ മാത്രം സാധ്യമാകുന്ന അതേ ശരീരചലനങ്ങള്‍. മെല്ലെ, മെല്ലെ അവര്‍ ആ നൃത്തത്തിലൂടെ പ്രകൃതിയില്‍ ലയിക്കുമോ എന്നു പോലും അനുവാചകരെ ഭ്രമിപ്പിക്കുന്ന ചെറുചലനങ്ങൾ….

ഹാ… റാബിയാ…. എന്ന് ഓര്‍മ്മിപ്പിക്കുന്ന അവളുടെ നൃത്തം, ആസ്വാദനത്തില്‍ മറ്റൊരു തലം സൃഷ്ടിക്കുന്നു. ഭക്തി എന്നതില്‍ മതങ്ങളോ മറ്റെന്തെങ്കിലുമോ അല്ല മറിച്ച്, അചഞ്ചലമായ പ്രണയവും സ്‌നേഹവുമാണ് നിറയേണ്ടതെന്ന് അനുനിമിഷം സുജാത ഓര്‍മ്മിപ്പിക്കുന്നു. പ്രണയം പെയ്യുമ്പോള്‍ നുരയുന്ന, കുസൃതിയും, പിന്നീടു സൂഫിയില്ലാത്ത ജീവിതത്തിലെ നിര്‍വ്വികാരതയും കാഴ്ചക്കാരില്‍ ഒന്നുപോലെ പകരുവാന്‍ അവളുടെ കണ്ണുകള്‍ക്കാകുന്നു.

സൂഫി, എന്ന സന്യാസി, അയാള്‍ ദൈവത്തെയാണ് പ്രണയിക്കുന്നത്. ആ പ്രണയത്തിനിടയിലേക്ക് ഒഴുകി വരുന്ന ചെറു നദിയാണു സുജാത. അയാളുടെ കണ്ണുകളില്‍ നിറയുന്ന പ്രണയം ആനന്ദം നിറയ്ക്കുന്നു. ചെറു സംഭാഷണങ്ങളില്‍ അലയടിക്കുന്ന പ്രണയസാഗരം രണ്ടു കഥാപാത്രങ്ങളും പകര്‍ന്നു തരുന്നു. അയാള്‍ കടന്നു വരുന്നത് ഒരു പുലര്‍കാലത്താണ്, അപ്പോള്‍ അയാള്‍ക്കു വേണ്ടി, പ്രകൃതി ഒരുങ്ങുന്നുണ്ട്. കാറ്റ് മരച്ചില്ലകള്‍ക്കിടയിലൂടെ, ഒരു മഴയെ ആനയിച്ചുകൊണ്ടുവരികയാണോ, അതോ, കാറ്റിന്റെ ചിറകിലേറി, കുളിരുന്ന മഞ്ഞ്, ആകാശത്തില്‍ നിന്നു ഭൂമിയിലേക്കു പറന്നിറങ്ങുകയാണോ എന്നു സംശയിക്കും. ഒരു വേള, പ്രകൃതി ഒരു കഥാപാത്രമായ പോലെ, ശബ്ദവിന്യാസങ്ങളോടെ മെല്ലെ നമ്മളിലേക്കു പടര്‍ന്നിറങ്ങുന്നു.

സൂഫീ… അവന്‍ വീണ്ടും വരികയാണ്, പത്തു വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം, വീണ്ടും വരുമ്പോള്‍ അവനു ചെയ്തു തീര്‍ക്കുവാന്‍ കര്‍മ്മങ്ങളില്ല. അവന്‍ വാങ്ക് വിളിച്ചു കൊണ്ട് അന്നാട്ടുകാരെ ഉറക്കത്തില്‍ നിന്നും ആത്മീയതയുടെ മുകള്‍ത്തട്ടിലേക്ക് ഉണര്‍ത്തി ആനയിക്കുന്നു. പിന്നെ നിസ്‌ക്കാരത്തിനിടയില്‍ നിത്യ പ്രണയത്തിന്റെ മാറിടത്തിലേക്കു കുനിഞ്ഞു നമസ്‌ക്കരിക്കുന്നു. വാങ്ക് വിളിയില്‍ ദൈവീകതയുടെ അപൂര്‍വ്വ സ്പര്‍ശം അനുഭവിക്കുന്നത് ഇതാദ്യം.

അയാളില്‍ നൃത്തമുണ്ട്, സംഗീതമുണ്ട്… പെരുവിരലിലൂന്നി അയാള്‍ ഭൂമി, സ്വയമെന്ന പോലെ വലംവയ്ക്കുമ്പോള്‍, ഭക്തിയും സ്‌നേഹവും തമ്മില്‍ നേരിയ വ്യത്യാസം പോലും നമുക്കു കണ്ടെടുക്കാനാകില്ല. ഗുരുനിത്യചൈതന്യയതി, മസ്‌നവിയെ വിശദമാക്കുന്ന ‘റുമിപറഞ്ഞ കഥകളില്‍’ വിവരിക്കുന്ന ഒരു വരിയാണ് ഓര്‍മ വരുന്നത്. ‘അയാളുടെ സംഗീതമത്രയും സര്‍വ്വേശ്വരനു നല്‍കിയിരുന്ന അര്‍പ്പണമായിരുന്നു. അയാളുടെ വിപഞ്ചികയില്‍ നിന്നും സംഗീതം മന്ദാനിലനിലേക്കു പാറി വരുമ്പോള്‍ മൃതിയടഞ്ഞു മണ്ണില്‍ ലയിച്ചു പോയിരുന്നവര്‍ വീണ്ടും ആത്മാവില്‍ ഉണര്‍ന്ന് ശരീര കഞ്ചുകമണിഞ്ഞു വരും.’

രണ്ടു വ്യക്തികള്‍ സുജാതയെന്ന ഊമപ്പെണ്‍കുട്ടിയും, സൂഫിസംന്യാസിയും പ്രണയവും ഭക്തിയും തമ്മിലുള്ള വിടവ് അപ്രസക്തമാക്കുന്ന ആനന്ദകരമായ അനുഭൂതി പ്രദാനം ചെയ്യുന്ന ഒരു ചലചിത്രം. ശരിയാണ്, ഇതിലൊരു കഥയുണ്ട്, മറ്റു കഥാപാത്രങ്ങളുണ്ട്, അവര്‍ക്കു അവര്‍ പ്രതിനിധാനം ചെയ്യുന്ന കാലഘട്ടത്തെക്കുറിച്ചും, മത ചിന്തകളെക്കുറിച്ചും ബോധ്യമുണ്ട്. സമൂഹത്തിന്റെ കണ്ണുകളിലെ അരുതുകള്‍ എല്ലാ മനുഷ്യരും പാലിക്കണമെന്നു ശഠിക്കുന്നുണ്ട്. അത്തരം, വിലക്കുകളും, അരുതുകളും സാധാരണ ജനത്തിന്റെ സാധാരണ ജീവിതത്തിന്റെ അടിസ്ഥാനമാണ്. അത്തരമൊരു ജീവിതക്രമത്തിനിടയില്‍ അസാധാരണ ജീവിതം നയിക്കുവാന്‍ ആകില്ല എന്നു തിരിച്ചറിഞ്ഞു പിന്‍മാറുന്ന നായികാനായകന്മാര്‍. വേര്‍പിരിഞ്ഞു കൊണ്ട്, നിശ്ശബ്ദമായി സാധാരണ ജീവിതം നയിക്കുവാന്‍ അവര്‍ വിധിക്കപ്പെടുന്നു. ഗള്‍ഫിന്റെ സുഖലോലുപതയില്‍, പരക്കംപാച്ചിലില്‍, നിവര്‍ത്തികേടുകളില്‍ സുജാത മറ്റൊരു തലത്തില്‍ ജീവിക്കുന്നു. സൂഫി, അയാളുടെ ആത്മീയാന്വേഷണം തുടരുന്നു.

ഒരു സിനിമയെക്കുറിച്ചാണ് ഞാന്‍ എഴുതി വരുന്നത് എന്നു പലപ്പോഴും മറന്നു പോകുന്നു. കാരണം ആനന്ദലഹരിയില്‍ കഥാപാത്രങ്ങളും പേരുകളും, സിനിമ പ്ലാറ്റ്‌ഫോമും ഒക്കെ അപ്രസക്തമായ പോലെ. ദേവ് മോഹനും അദിതി റാവുവും തന്‍മയത്തോടെ അഭിനയിച്ചു ഫലിപ്പിച്ച ഒരു ചിത്രം. അതില്‍ ഒരു കഥാപാത്രവും അനവസരത്തില്‍ പ്രത്യക്ഷമാകുന്നില്ല. അനവസരത്തില്‍ സംസാരിക്കുന്നുമില്ല. ജയസൂര്യ തന്റെ കഥാപാത്രം ഭദ്രമാക്കി. ഒരു ചെറിയ ഖേദം തോന്നി, തിലകന്‍ എന്ന മഹാനടന്‍ ഉണ്ടായിരുന്നുവെങ്കിലെന്ന് ഉസ്താദ് എന്ന കഥാപാത്രം ഓര്‍മ്മിപ്പിച്ചു കൊണ്ടേയിരുന്നു. ഒരു പക്ഷേ ഒരു നടന്‍ കടന്നു പോകുമ്പോള്‍ ഒഴിച്ചിടുന്ന വിടവ് നികത്തുവാന്‍ അത്ര എളുപ്പം സാധ്യമല്ല എന്നു തിരിച്ചറിഞ്ഞ മുഹൂര്‍ത്തം.

നാറാണിപ്പുഴ ഷാനവാസ് എന്ന സംവിധായകനും, വിജയ് ബാബു എന്ന നിര്‍മ്മാതാവിനും, അനു മുത്തേടത്ത് എന്ന ഛായാഗ്രാഹകനും, സംഗീത സംവിധായകന്‍ ജയചന്ദ്രനും അഭിമാനിക്കാവുന്ന സുന്ദരമായ ചലച്ചിത്രകാവ്യം…

ഒരു മോഹം ബാക്കി, തീയറ്ററിലെ, വലിയ സ്‌ക്രീനില്‍, ഒന്നുകൂടി ആ നൃത്തം കാണണം സൂഫിയുടേയും, സുജാതയുടേയും…

Leave a Reply